പയ്യൻ പത്രവായന നിർത്തി. വേറൊന്നും കൊണ്ടല്ല, ഇനി അതിന്റെയാവശ്യം ഇല്ലെന്ന് പയ്യന് തോന്നി. എന്നത്തേയും പോലെ കാലത്ത് പത്രം വായിക്കാൻ വരാന്തയിലേക്ക് പോയ വാർത്താത്യാഗ്രഹിയായ പയ്യനെ വരവേറ്റത് അൺകിളും ആൺട്ടിയുമാണ്. ചുമരിൽ ചേർത്തിയിട്ടിരുന്ന സോഫാകസേര വലിച്ചു ഫാനിനു താഴെയിട്ട് അൺകിളും, ചുമരിനോട് ചേർന്ന് തന്നെ ഇരുന്ന് ആൺട്ടിയും പയ്യനെ നോക്കി. കണ്ടയുടനെ പുളിയുറുമ്പിന്റെ കടികൊണ്ട അണ്ണാന്റെ ശബ്ദത്തിൽ ആൺട്ടി അലറി:

'ഏതാണീ ഭ്രാന്തൻ !!!'

ആൺട്ടി റെട്ടോറിക്കിന് തിരികൊളുത്തിയതാണെന്ന് മനസ്സിലാക്കിയ പയ്യൻ മൊസൈക് കളത്തിൽ നിന്നുകൊണ്ട് മൗനാവതാരമെടുത്തു. പൊരി, കതിനയുടെ മൂട്ടിൽ തട്ടിയ ക്ഷണം അൺകിൾ പൊട്ടിത്തെറിച്ചു:

'അവന്റെ ഒരു താടിയും മുടിയും. എന്ത് വൃത്തികെട്ട കോലമാണിത് !!!'

കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പശുക്കളിൽ നിന്നും കറന്നെടുത്ത പാലിൽ കലക്കിയ ക്യാപിറ്റലിസത്തിന്റെ കൊഴുത്ത ഹോർലിക്‌സ് ദ്രാവകം "സ്റ്റീൽ ഗ്ലാസ്സിന്റെ" രൂപത്തിൽ മേശപ്പുറത്തു വച്ചുകൊണ്ടു അൺകിൾ അടുക്കള നോക്കി അലറി:

'എന്റെ ദാക്ഷായണി, നീ ഇത് കാണുന്നില്ലേ ?'

അടുക്കളയിൽ നിന്നും അമ്മ പാഞ്ഞെത്തി. പരിഭ്രാന്തി, ആകാംഷ, മുതലായ വികാരങ്ങൾ ഒരു വാക്കിൽ ചേരുവ ചേർത്ത് കൊണ്ട് അമ്മ ചോദിച്ചു:

'എന്താ?'

ആശനിപാതത്തിൽ ആകാശമേഘങ്ങളെ പോലെ അൺകിൾ ഗർജ്ജിച്ചു:

'അവന്റെ താടിയും മുടിയും !!!'

സിംഹാസനത്തിൽ നിന്നും ഉയരാതെ ആൺട്ടി കൂട്ടിചേർത്തു:

'ദേ മുഖത്തു ഒരു കുരുവും'

ഇത് കൂടി കേട്ടപ്പോൾ ഇഡലി തുണി പോലെ വിളറി നിന്നിരുന്ന പയ്യൻ പ്രസന്നവദനനായി. ശാന്തത ശ്വസിച്ചുകൊണ്ട് പയ്യൻ എടുത്ത പത്രം താഴെ വച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു:

'ഹാവൂ … എനിക്ക് സന്തോഷമായി. വാർത്തകളൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഇനി പത്രം വായിക്കേണ്ടതില്ലലോ.'

മനസ്സിലായത് കൊണ്ട് അമ്മ അകത്തേക്കും, ആൺട്ടി അന്തർമുഖത്തിലേക്കും പോയി. മനസ്സിലാവാത്തത് കൊണ്ട് അൺകിൾ ഹോർലിക്‌സ്-പാൽ അന്വേഷിച്ചു. അങ്ങനെയാണ് തന്റെ ഇരുപത്തിരണ്ട് വർഷത്തെ ശീലമായ പത്രവായന പയ്യൻ ഉപേക്ഷിച്ചത്.

വാർത്തകൾ വിശദമായി. സ്ഥലത്തെ പ്രധാന പയ്യൻ പത്രവായന നിർത്തി….